കൊച്ചി: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് കൊച്ചിയിലെത്തും. രാവിലെ 11ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ “ഇന്ത്യയെ വീണ്ടെടുക്കാന്‍ പെണ്‍കരുത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന ഉത്സാഹ് കണ്വന്ഷന് എറണാകുളം മറൈന്‍ഡ്രൈവില്‍ അദേഹം ഉദ്ഘാടനം ചെയ്യും.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യും. 14 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 2.30ന് എറണാകുളം ടൗണ്‍ ഹാളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള സുപ്രഭാതം ദിനപത്രത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.