ന്യൂഡൽഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം. എഐസിസി ആസ്ഥാനത്ത് കൊടികൾ ഉയർത്തി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ ആഘോഷിച്ചത്. വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം എന്നാണ് ട്വിറ്ററിൽ കോൺഗ്രസ് കുറിച്ചിരിക്കുന്നത്.
രാഹുലിന് ആശ്വാസകരമായ വിധിയാണ് ഇന്ന് സുപ്രീംകോടതിയിൽ നിന്ന് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും. അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബി.ആര്. ഗവായ്, ജസ്റ്റീസ് പി.എസ്. നരസിംഹ, ജസ്റ്റീസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രീംകോടതി വിധിയില്‍ കെപിസിസി ആസ്ഥാനത്തും ആഹ്ലാദപ്രകടനം .രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളാണ് കെപിസിസിയില്‍ ആഘോഷത്തിന് നേതൃത്വം നല്‍കുന്നത്. മധുരം പങ്കുവച്ചും രാഹുലിന് ജയ് വിളിച്ചുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ യശസ് ലോകമെമ്പാടും ഈ വിധിയിലൂടെ അംഗീകരിക്കപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. രാഹുലിനെ നിശബ്ദമാക്കാന്‍ ശ്രമിച്ച ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് ഈ വിധിയിലൂടെ തകര്‍ന്നതെന്നും സുധാകരന് പ്രതികരിച്ചു.