ന്യൂഡല്‍ഹി: കല്‍ക്കരി ഇറക്കുമതിയില്‍ അദാനി ഗ്രൂപ്പ് കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. നേരത്തെ, കല്‍ക്കരി ഇറക്കുമതിയില്‍ 20,000 കോടി രൂപയുടെ അഴിമതി തങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ഈ അഴിമതിയില്‍ ഒരു 12,000 കോടിയുടെ കൂടി വര്‍ധനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൊത്തം 32,000 കോടി രൂപയാണ് കല്‍ക്കരി ഇറക്കുമതിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടെന്ന് രാഹുല്‍ ആരോപിച്ചു.ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കല്‍ക്കരിയുടെയും ദുരൂഹമായ വിലക്കയറ്റത്തില്‍ അദാനിയുടെ ഇടപെടലിനെക്കുറിച്ച് “ഫിനാന്‍ഷ്യല്‍ ടൈംസ് ഇൻ ലണ്ടൻ’ പ്രസിദ്ധീകരിച്ച വാര്‍ത്ത രാഹുല്‍ ഉയര്‍ത്തിക്കാട്ടി.ഇന്തോനേഷ്യയില്‍ നിന്നാണ് അദാനി കല്‍ക്കരി വാങ്ങുന്നതെന്നും ഇന്ത്യയിലെത്തുമ്പോള്‍ അതിന്റെ വില ഇരട്ടിയാകുന്നെന്നുമാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെ അദാനി പൊതുജനങ്ങളിൽ നിന്ന് 12,000 കോടി കൂടി കൊള്ളയടിക്കുന്നതായി രാഹുല്‍ പറഞ്ഞു.
എന്നാൽ ചോദ്യങ്ങള്‍ ഉയരുമ്പോഴും അന്വേഷണം നടക്കുന്നില്ല. ഗൗതം അദാനിക്ക് പ്രധാനമന്ത്രിയുടെ സംരക്ഷണമുണ്ടെന്നും അതിനാലാണ് ഇങ്ങനെയെന്നും രാഹുല്‍ വിമര്‍ശിച്ചു. വര്‍ധിച്ച വൈദ്യുതി ബില്ലുകള്‍ക്ക് കാരണമാകുന്ന ഈ സംഭവത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളും നിശബ്ദത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.”ശരദ് പവാര്‍ പ്രധാനമന്ത്രി അല്ല. പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കുകയും അദാനിയെ സംരക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍, താന്‍ ശരദ് പവാറിനോട് ചോദിക്കും’ -എന്നും രാഹുല്‍ പറഞ്ഞു. ഗൗതം അദാനിയുമായുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ കൂടിക്കാഴ്ച ഒരു മാധ്യമവ്രര്ത്തകന് ചൂണ്ടിക്കായിപ്പോള് ആയിരുന്നു ഈ പ്രതികരണം.