ന്യൂഡൽഹി : ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ വസതി ഒഴിയണമെന്ന ഉത്തരവ് മരവിപ്പിച്ച് കോടതി. ഒരുവർഷം മുമ്പ് സെൻട്രൽ ഡൽഹിയിലെ പ്രഥാൻ റോഡിലാണ് രാഘവ് ഛദ്ദയ്ക്ക് രാജ്യസഭാ സെക്രട്ടേറിയറ്റ് വസതി അനുവദിച്ചത്.
എന്നാൽ ആദ്യമായി എംപിയായ അദ്ദേഹത്തിന്റെ ഗ്രേഡിനു നൽകാവുന്നതിനേക്കാൾ ഉയർന്ന തലത്തിലുള്ള വസതിയാണ് നൽകിയതെന്ന് കാണിച്ചാണ് വസതി ഒഴിയണമെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചത്. തുടർന്ന് രാഘവ് ഛദ്ദ കോടതിയെ സമീപിക്കുകയായിരുന്നു. രാഘവ് ഛദ്ദ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും അതിനാൽ ഉടൻ തന്നെ പുറത്താക്കാൻ സാധിക്കില്ലെന്നും പട്യാല കോടതി വിലയിരുത്തി.കേസ് ജൂലൈ പത്തിന് വീണ്ടും പരിഗണിക്കും.