ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. പരിക്കേറ്റ് ഒരുവർഷമായി സ്പാനിഷുകാരൻ വിശ്രമത്തിലായിരുന്നു.
കഴിഞ്ഞദിവസം ബ്രിസ്ബെയ്ൻ ഇന്റർനാഷണലിലാണ് മടങ്ങിയെത്തിയത്. ആദ്യ രണ്ട് റൗണ്ടും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചു. എന്നാൽ, ക്വാർട്ടറിൽ ഇടുപ്പിന് പരിക്കേറ്റു. നാട്ടുകാരൻ ജോർദാൻ തോംപ്സണോട് തോൽക്കുകയും ചെയ്തു. മൂന്നുമാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 14നാണ് ഓസ്ട്രേലിയൻ ഓപ്പൺ തുടങ്ങുന്നത്. മെയ് 20ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ തിരിച്ചുവരാനാണ് 22 തവണ ഗ്രാൻഡ് സ്ലാം ചൂടിയ മുപ്പത്തേഴുകാരനായ നദാലിന്റെ ശ്രമം.