തിരുവനന്തപുരം : മുൻ റേഡിയോ ജോക്കി രാജേഷ് കുമാറിനെ (36) കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. പ്രതികളായ മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികൾക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പരിചയം പോലുമില്ലാത്ത ഒരു വ്യക്തിയെ വെട്ടി കൊലപ്പെടുത്തിയ പ്രതികളുടെ പ്രവൃത്തി ന്യായികരിക്കാൻ കഴിയില്ല. രണ്ടു പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. ഒരു ചെറുപ്പക്കാരനെ അവന്റെ ജോലി സ്ഥലത്തു കയറി കൊലപ്പെടുത്തിയത് ഒരിക്കലും ഒരു ചെറിയ തെറ്റായി കാണാൻ കഴിയില്ല. അതുകൊണ്ട് അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
രണ്ടും മൂന്നും പ്രതികൾക്ക് സഹായം ചെയ്ത നാലാം പ്രതിയെ വെറുതേ വിട്ട നടപടിയിൽ അത്യപ്തി ഉണ്ടെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡർ ഡോ. ഗീനാകുമാരി വാദിച്ചു. പ്രതികൾക്കു പശ്ചാത്തപിക്കുവാനുള്ള അവസരം നൽകണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം മറുപടി നൽകി. കേസിലെ നാലു മുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽസത്താറിനെ പിടികൂടാനായിട്ടില്ല.
2018 മാർച്ച് 18 ന് പുലർച്ചെ രണ്ടിന് മടവൂരിലുള്ള രാജേഷിന്റെ മെട്രാസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന റിക്കാർഡിംഗ് സ്റ്റുഡിയോയിലെത്തിയാണ് കൊലപാതകം നടത്തിയത്. കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാൾജിയ എന്ന നാടൻ പാട്ട് സംഘത്തിലെ അംഗങ്ങളായ രാജേഷും കുട്ടനും സമീപത്തെ ക്ഷേത്ര ഉത്സവത്തിനുള്ള പരിപാടിയുടെ റിഹേഴ്സൽ നടത്തുകയായിരുന്നു. സ്റ്റുഡിയോയുടെ പുറത്ത് നിന്ന കുട്ടനെ ആദ്യം വെട്ടി പരിക്കേൽപിച്ച പ്രതികൾ സ്റ്റുഡിയോയ്ക്ക് അകത്തു കയറി രാജേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.