ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് രാധികയുടെ വെളിപ്പെടുത്തിയത് . സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയിൽ രാധിക പറഞ്ഞു.
‘ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. നോ പറയാൻ പെൺകുട്ടികൾ പഠിക്കണം. പുരുഷന്മാരാരും പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം പെൺകുട്ടികളുടെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. എത്രയോ പെൺകുട്ടികൾ എന്നോട് വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.’
കേരളത്തിൽ ഞാൻ കണ്ടത് പറയാം. ഒളിക്യാമറ വച്ച് പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഷൂട്ട് ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടു. നടിമാരുടെ പേര് വച്ച് ഫോൾഡറുകൾ ഉണ്ടാക്കി ഫോണിൽ സേവ് ചെയ്തിരിക്കുകയാണ് അവർ. ഏത് സിനിമയുടെ ലൊക്കേഷനെന്ന് ഞാൻ പറയില്ല. പിന്നീട് എനിക്ക് കാരവനിൽ പോകാൻ പോലും ഭയമായിരുന്നു. വീഡിയോ കണ്ടയുടൻ തന്നെ ഞാൻ ബഹളം വച്ചു. എല്ലാവരെയും വിളിച്ച് ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. ഭയങ്കര ദേഷ്യം വന്നു. പിന്നീട് കാരവൻ ഒഴിവാക്കി റൂം എടുക്കുകയായിരുന്നു. മലർന്ന് കിടന്നു തുപ്പിയാൽ അത് നമ്മുടെ ദേഹത്തേക്ക് തന്നെ വീഴുകയുള്ളൂ. അതുകൊണ്ടാണ് പേര് പറയാത്തത്’ , രാധിക പറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രാധിക ശരത്കുമാറിന്റെയും മൊഴിയെടുക്കും.