കൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരത്തിനുനേരെയുണ്ടായ വംശീയ അധിക്ഷേപത്തിൽ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്. ഓൾ ഇന്ത്യാ ഫുട്ബോൾ ഫേഡറേഷനാണ് ബ്ലാസ്റ്റേഴ്സ് പരാതി നൽകിയത്. കുറ്റക്കാരനായ താരത്തിനെതിരെ ബംഗളൂരു എഫ്സി നടപടി സ്വീകരിക്കണമെന്നും കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു. ബ്ലാസ്റ്റേഴ്സ് താരം ഐബാന് ഡോഹ്ലിംഗിനെതിരെ, ബംഗളൂരുവിന്റെ വിദേശ താരം റയാന് വില്യംസ് വംശീയ അധിക്ഷേപം നടത്തിയെന്നാണ് പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വംശീയമായി അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ ഐബാനെതിരെ വില്യംസ് കാണിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണ്. കളിയുടെ 82-ാമത്തെ മിനിറ്റില്‍ പന്തിനായി പോരാടുന്നതിനിടെ ഐബാന് വില്യംസുമായി കൊമ്പുകോര്‍ത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി വായ്നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
താരത്തിനെതിരെ നടപടി വേണമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഐഎസ്എലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം ആവശ്യമുയര്‍ത്തുന്നുണ്ട്. മുമ്പ് വംശീയക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിച്ച താരമാണ് വില്യംസ്. ഈ സീസണിലാണ് ഓസ്ട്രേലിയക്കാരനായ വിംഗര്‍ ബംഗളൂരു എഫ്സിയിലെത്തുന്നത്.