രാജ്കോട്ട് : ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ഞൂറാം വിക്കറ്റ് തികച്ച് ആർ.അശ്വിൻ. ഇംഗ്ളീഷ് താരം സാക് ക്രോളിയെ വീഴ്ത്തിയാണ് അശ്വിൻ കരിയറിലെ നാഴികക്കല്ല് പിന്നിട്ടത്. അനിൽ കുംബ്ലേക്ക് ശേഷം ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. വേഗത്തിൽ അഞ്ഞൂറ് വിക്കറ്റുകൾ വീഴ്ത്തുന്നവരുടെ പട്ടികയിൽ രണ്ടാമനും.
100 ൽ താഴെ ടെസ്റ്റുകളിൽ 500 വിക്കറ്റ് നേടുന്ന കാര്യത്തിൽ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ ആണ് അശ്വിന് മുന്നിലുള്ളത്. തന്റെ 98-ാം ടെസ്റ്റിലാണ് അശ്വിൻ 500 വിക്കറ്റ് നേട്ടത്തിലെത്തിയത്. 87–ാം ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീലങ്കൻ മുൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ അനിൽ കുംബ്ലെക്ക് 500 വിക്കറ്റ് ക്ലബിലെത്താൻ 105 ടെസ്റ്റ് വേണ്ടിവന്നു. 200 , 300 വിക്കറ്റ് തികക്കുന്ന കാര്യത്തിൽ മുരളീധരനെക്കാൾ മുന്നിലായിരുന്നു അശ്വിൻ.
500 വിക്കറ്റു നേട്ടക്കാരുടെ പട്ടിക
മുത്തയ്യ മുരളീധരൻ ( ശ്രീലങ്ക )- 800 വിക്കറ്റ്
ഷെയിൻ വോൺ ( ഓസ്ട്രേലിയ ) 708 വിക്കറ്റ്
ജെയിംസ് ആൻഡേഴ്സൺ ( ഇംഗ്ലണ്ട് ) 695* വിക്കറ്റ്
അനിൽ കുംബ്ലെ ( ഇന്ത്യ ) 619 വിക്കറ്റ്
സ്റ്റുവർട്ട് ബ്രോഡ് (ഇംഗ്ലണ്ട് ) 604 വിക്കറ്റ്
ഗ്ലെൻ മഗ്രാത്ത് ( ഓസ്ട്രേലിയ) 563 വിക്കറ്റ്
കോട്നി വാൽഷ് ( വെസ്റ്റ് ഇൻഡീസ് ) 519 വിക്കറ്റ്
നഥാൻ ലിയോൺ ( ഓസ്ട്രേലിയ ) 517* വിക്കറ്റ്
അശ്വിൻ ( ഇന്ത്യ ) 500* വിക്കറ്റ്