ന്യൂഡല്‍ഹി : ചോദ്യക്കോഴ ആരോപണത്തില്‍ ലോക്സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. ലോക്സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനം നിയമവിരുദ്ധമാണെന്നും മഹുവ ഹര്‍ജിയില്‍ പറഞ്ഞു.
തന്നെ പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേള്‍ക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നും
മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ”തെളിവില്ലാതെ തനിക്കെതിരെ നടപടി എടുത്തുവെന്നാരോപിച്ച് എത്തിക്സ് കമ്മിറ്റിയെ മഹുവ മൊയ്ത്ര വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷത്തെ ഒതുക്കാനുള്ള ആയുധമായി എത്തിക്സ് കമ്മിറ്റി മാറുകയാണെന്നും മഹുവ ആരോപിച്ചു. എത്തിക്സ് കമ്മിറ്റിയും റിപ്പോര്‍ട്ടും എല്ലാ നിയമങ്ങളും ലംഘിച്ചതായും” അവര്‍ ആരോപിച്ചു.
എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ല സമ്മതിച്ചില്ല. മഹുവക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയായ ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് പണവും പാരിതോഷികങ്ങളും മഹുവ കൈപ്പറ്റിയെന്നും മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേര്ഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നുമാണ് ആരോപണം. ആരോപണങ്ങള്‍ ശരിവച്ച എത്തിക്സ് കമ്മറ്റി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനാണ് ശുപാര്‍ശ ചെയ്തത്. ഗുരുതരമായ പിഴവാണ് മഹുവയില്‍ നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ എത്തിക്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മഹുവയെ പുറത്താക്കാന്‍ പ്രമേയം വരികയും ഇത് ശബ്ദവോട്ടോടെ ലോക്സഭ പാസാക്കുകയുമായിരുന്നു.