കോഴിക്കോട്: പൊലീസിനെതിരായ പരാതി സ്വീകരിക്കാൻ പി.വി അൻവർ എം.എൽ.എ തുടങ്ങിയ വാട്ട്സ്ആപ്പ് നമ്പർ ബ്ലോക്കായി. ‘പൊലീസിലെ പുഴുക്കുത്തുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്സാപ്പ് നമ്പർ ഏതൊക്കെയോ തൽപ്പരകക്ഷികൾ ചേർന്ന് സ്പാം റിപ്പോർട്ട് ചെയ്ത് ബ്ലോക്കാക്കീട്ടുണ്ട്. ഒരു നമ്പർ പോയാൽ വേറേ ആയിരം നമ്പർ വരും. ഒരു വാട്ട്സ്ആപ്പ് നമ്പർ പബ്ലിഷ് ചെയ്തപ്പോളേക്കും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു.’ അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
അതിനിടെ , പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റിലൂടെയും പി.വി അൻവർ പ്രതികരിച്ചിരുന്നു . സമയമായി, കടക്ക് പുറത്ത് എന്ന അടിക്കുറിപ്പോടെ എംഎൽഎ സ്വന്തം ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. മലപ്പുറം എസ്പി ശശിധരൻ, താനൂർ ഡിവൈഎസ്പി വി.വി ബെന്നി തുടങ്ങി 12 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.പൊലീസ് ആസ്ഥാനത്തെ എഐജി ആർ. വിശ്വനാഥ് പുതിയ മലപ്പുറം എസ്പിയാകും. മലപ്പുറം എസ്പി ശശിധരൻ എറണാകുളം റേഞ്ച് വിജിലൻസ് എസ്പിയായി ചുതലയേക്കും. മലപ്പുറത്തെ എട്ടു ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി. സ്പെഷ്യൽ ബ്രാഞ്ച്, മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർക്കാണ് മാറ്റം. തൃശ്ശൂർ ,കോഴിക്കോട് പാലക്കാട് ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.