മലപ്പുറം: മലപ്പുറം എസ്പിക്കെതിരെ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ സമരം. അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്നെ കൊടുത്ത പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.
എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പരാതി കിട്ടിയിട്ടും നടപടി എടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടി സ്വീകരിക്കുക. ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അന്‍വര്‍ സമരമിരിക്കുന്നതിന് സമീപം സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ആവശ്യപ്പെടുന്നത്.അതീവ രഹസ്യമായ പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി പ്രക്ഷേപണം ചെയ്ത മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന് സ്കറിയയില്‍ നിന്നും രണ്ടുകോടി കൈക്കൂലി വാങ്ങി പ്രതിയെ രക്ഷിച്ച എഡിജിപി എം ആര് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടുന്നുണ്ട്.
എസ്പിയുടെ ഔദ്യോഗിക വസതിയിൽ നിന്നും മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെത്തി പി വി അൻവർ എംഎൽഎയെ ഇന്നലെ പൊലീസ് തടഞ്ഞിരുന്നു. പാറാവ് ഡ്യൂട്ടിയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയെ വസതിയിലേക്ക് കടത്തിവിട്ടില്ല. ആരോടും അനുമതി ചോദിക്കേണ്ട കാര്യം തനിക്കില്ലെന്നും വെട്ടിയ മരത്തിന്റെ കുറ്റി കാണാനാണ് താൻ വന്നത് എന്നുമായിരുന്നു അൻവറിന്റെ വാദം. നേരത്തെ മലപ്പുറത്ത് പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പി വി അൻവർ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് വിവാദമായിരുന്നു.