കോൺഗ്രസിലേക്കും യുഡിഎഫിലേക്കും ഒരു മടക്കം സാധ്യമാണോ? രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ ഡിഎൻഎ പരാമർശം പരസ്യമായി പിൻവലിച്ചു മാപ്പുപറഞ്ഞാൽ ആലോചിക്കാമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസിലേക്കുള്ള ഘർവാപസിക്കുള്ള വാതിൽ തുറന്നുകിട്ടിയാൽ കയറിച്ചെല്ലാനായി അക്കാര്യത്തിലും ഇന്നലെ അൻവർ വ്യക്തത വരുത്തിയിട്ടുണ്ട്. ഡിഎൻഎ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നായിരുന്നു വിശദീകരണം. രാഹുൽ ഗാന്ധിയുടെയും ഗാന്ധി കുടുംബത്തിന്റെയും മഹത്വവും സ്വന്തം കുടുംബവും പിതാവുമായുള്ള ബന്ധവും വാഴ്ത്തിപ്പറയാനും അദ്ദേഹം മറന്നില്ല. കോൺഗ്രസിനോടുണ്ടായിരുന്നത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തോടുള്ള വിയോജിപ്പായിരുന്നുവെന്നും വിശദീകരിച്ചു.
രാഷ്ട്രീയ പാർട്ടികൾ ആർക്കു മുന്നിലും വാതിൽ അടയ്ക്കാറില്ലെന്ന് പിന്നാലെ സുധാകരൻ വ്യക്തമാക്കുകയും ചെയ്തു. അൻവറിന്റെ കാര്യത്തിൽ പാർട്ടി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, തൽക്കാലം അൻവറിനെ കൊള്ളുകയും തള്ളുകയും വേണ്ടെന്ന തന്ത്രപരമായ നിലപാട് സ്വീകരിക്കാനാണ് യുഡിഎഫിൽ ധാരണ. അൻവർ ഉയർത്തിയ ആരോപണങ്ങൾ ആയുധമാക്കി സർക്കാരിനെ ആക്രമിക്കാനാണു തീരുമാനം. ഇപ്പോൾ തിരക്കിട്ട് മുന്നണിയിലെടുത്താൽ അതു സർക്കാരിനെതിരായ സമരത്തിന്റെ വീര്യവും മെറിറ്റും കുറയ്ക്കുമെന്ന ചിന്തയാകാം അത്തരമൊരു തീരുമാനത്തിനു പിന്നിൽ.
അതേസമയം, സിപിഐയുടെ അർഥഗർഭമായ മൗനമാണ് ഏറ്റവും ശ്രദ്ധേയം. അൻവർ ഉയർത്തിയ വിഷയങ്ങളെല്ലാം വി.എസ് സുനിൽ കുമാർ ഉൾപ്പെടെയുള്ള സിപിഐ നേതാക്കളെല്ലാം നിരന്തരം ശക്തിയുക്തം ഉന്നയിക്കുന്നുണ്ട്. തൃശൂർ പൂരം കലക്കൽ, പൊലീസിലെ ‘ആർഎസ്എസ് ഫാക്ഷൻ’ ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രത്യേകിച്ചും. മുന്നണിയുടെ ഭരണത്തലവനെതിരെ എംഎൽഎ ഗുരുതരമായ ആരോപണമുന്നയിച്ചിട്ടും പ്രമുഖരായ സിപിഐ നേതാക്കളൊന്നും ഇതുവരെയും പ്രതിരോധവുമായി രംഗത്തെത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്. അൻവറിനെ തള്ളുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല പാർട്ടി. പിണറായി ഭരണത്തിലും സിപിഎം ഏകാധിപത്യത്തിലും കടുത്ത അതൃപ്തിയുള്ള സിപിഐ അൻവറിനായി വാതിൽ തുറന്നിടുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.
പുതിയ പാർട്ടി രൂപീകരണത്തിന്റെ സാധ്യതയും അൻവർ തള്ളിയിട്ടില്ല. ഇടതുപക്ഷത്തിന്റെ സ്വതന്ത്ര എംഎൽഎമാരെയും നേതാക്കളെയും കൂട്ടുപിടിച്ച് ഒരു പുതിയ പാർട്ടി നീക്കം ഒരുപക്ഷേ ഉണ്ടായേക്കാം. കെ.ടി ജലീൽ, കാരാട്ട് റസാഖ്, നിയാസ് പുളിക്കലകത്ത് തുടങ്ങിയവരെല്ലാം അൻവറിന്റെ പോരാട്ടത്തിന് പലവഴിക്ക് ‘പിന്തുണ പ്രഖ്യാപിച്ചു’ കഴിഞ്ഞവരാണ്. മന്ത്രിയായിട്ടും മലപ്പുറത്തെ പൊലീസിനെതിരെ വി. അബ്ദുറഹ്മാൻ പരസ്യ വിമർശനം നടത്തിയിട്ടുമുണ്ട്.
പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി പുതിയ രാഷ്ട്രീയ പാർട്ടിയോ സാമൂഹിക സംഘടനയോ രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നാണ് അൻവർ മീഡിയവണിനോട് പറഞ്ഞത്. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രമുഖ നേതാക്കൾക്കിടയിൽ കൊണ്ടുംകൊടുത്തും തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടായിരിക്കും തന്റെ ആയുധമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിലേക്കു ജനശ്രദ്ധ ക്ഷണിക്കാനായിരിക്കും വരുംനാളുകളിൽ ശ്രമമെന്നും അറിയിച്ചിട്ടുണ്ട്. മലപ്പുറം ക്രിമിനൽവൽക്കരണവും സമുദായ വിഷയങ്ങളും ഉയർത്തി മുസ്ലിം ലീഗിന്റെ രാഷ്ട്രീയപ്രസക്തി ചോദ്യംചെയ്യാനും പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ ‘വ്യക്തിതാൽപര്യ’ങ്ങളെ ഉന്നമിടാനും അൻവർ പ്രത്യേകം ശ്രദ്ധിച്ചതും ഇതോടൊപ്പം ചേർത്തുപറയണം.
അങ്ങനെയാണെങ്കിൽ വരുന്ന ഞായറാഴ്ച നിലമ്പൂരിൽ നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തിന്റെ രാഷ്ട്രീയപ്രാധാന്യമേറുകയാണ്. സ്വന്തം തട്ടകത്തിൽ സിപിഎമ്മിനെതിരെയുള്ള പരസ്യമായ ശക്തിപ്രകടനമായിരിക്കും അൻവർ ഒന്നാമതായി ലക്ഷ്യമിടുന്നത്. ഇടതടവില്ലാതെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളുടെ ‘ജനഹിതപരിശോധന’യുമാകുമത്. പുതിയൊരു രാഷ്ട്രീയനീക്കത്തിന് അൻവറിന് ജനകീയബലവും ‘ബാല്യവുമു’ണ്ടോ എന്നും അവിടെ തീരുമാനിക്കപ്പെട്ടേക്കാം.