തിരുവനന്തപുരം : ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സുധാകരനു പുറമേ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും പുതിയ നീക്കങ്ങളില്‍ പങ്കുണ്ടെന്നാണ് അറിയുന്നത്. അതേസമയം സംസ്ഥാനത്തെ മറ്റു നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ സൂചനയൊന്നുമില്ല. അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അന്‍വര്‍ വരുന്നതിനെ അനുകൂലിക്കുന്ന നേതാക്കള്‍ കരുതുന്നത്.
ഇടതുപക്ഷത്തോട് അകന്ന അന്‍വര്‍ ആദ്യം ഡിഎംകെയില്‍ ചേരാനാണ് ശ്രമിച്ചത്. എന്നാല്‍ ഡിഎംകെ ഇതിനോടു താത്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് ഡല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും എസ്പിയുമായും അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ അന്‍വര്‍ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.