ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജപ്രചാരണവുമായി അൻവർ എം.എൽ.എ. ഏഷ്യാനെറ്റ് ന്യൂസ് ബാർക്ക് റേറ്റിങ്ങിൽ ആറാം സ്ഥാനത്തേക്ക് വീണു എന്നായിരുന്നു അൻവറിന്റെ വ്യാജപോസ്റ്റ്. അൻവറിന്റെ ഈ വ്യാജപ്രചാരണം സിപിഎം അനുകൂല ഗ്രൂപ്പുകൾ കണ്ണും പൂട്ടി ഷെയർ ചെയ്യുകയും ചെയ്തു. ഏഷ്യാനെറ്റിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ നിലപാടുകൾ മൂലമാണ് ഈ റേറ്റിങ് ഇടിവ് ഉണ്ടായതെന്നുള്ള അന്വറിന്റെ പോസ്റ്റ് സിപിഎം വിജയമാണ് ഇതെന്ന മട്ടിലാണ് സിപിഎം സൈബർ കടന്നലുകൾ പ്രചരിപ്പിച്ചത്. എന്നാൽ, തൊട്ടുപിന്നാലെ തന്നെ റേറ്റിങ്ങിലെ നിജ സ്ഥിതി ചിലർ വെളിവാക്കി.
വീക്ക് 19 ബാർക്ക് റേറ്റിംഗ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മലയാളം വാർത്താ ചാനലുകളിൽ പ്രേക്ഷക പ്രീതിയിൽ തലപ്പത്ത്. റേറ്റിങ് ആരംപിച്ച കാലം മുതൽക്കേ ഇന്നും ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി ഉയർത്താൻ ആരൊക്കെ ശ്രമിച്ചിട്ടും നടന്നിട്ടില്ലെന്നും അത് ഇളക്കം തട്ടാത്ത ഒന്നാം സ്ഥാനമാണെന്നും ഒക്കെ കമന്റുകൾ നിറഞ്ഞു .അബദ്ധം മനസിലായ അൻവർ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഊരിയെങ്കിലും പോരാളി ഷാജി അടക്കമുള്ള പേജുകളിൽ ആ വാർത്ത തുടർന്നു . ട്രോളുടെ പരമ്പരയാണ് ഈ വ്യാജ പോസ്റ്റിന് സൈബർ ലോകത്ത്.
നിജസ്ഥിതി എന്താണ് ?
ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് എക്കാലത്തെയും പോലെ തലപ്പത്തുള്ളത്. 24 ന്യൂസ് , മനോരമ ന്യൂസ്, മാതൃഭൂമി എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനങ്ങൾ. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന കൈരളി ന്യൂസ് ഏഴാം സ്ഥാനത്തേക്ക് വീണപ്പോൾ റിപ്പോർട്ടർ ചാനലും ജനം ടിവിയും അഞ്ചും ആറും സ്ഥാനങ്ങളിലേക്ക് കയറി. ന്യൂസ് 18 എട്ടാം സ്ഥാനത്തും മീഡിയ വൺ ഒൻപതാമതുമാണ് .
റേറ്റിങ് പോയിന്റുകളിൽ 4.72 പോയിന്റ് വർധനയോടെ 137.68 ലേക്ക് ഏഷ്യാനെറ്റ് എത്തി. 132.96 ആയിരുന്നു ഇതിനു മുൻപുള്ള റേറ്റിങ്. 24 ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി എന്നിവക്കും പോയിന്റ് വർധനവുണ്ട്. 0.87 പോയിന്റ് കൂടിയപ്പോൾ റിപ്പോർട്ടർ അഞ്ചാം സ്ഥാനത്തേക്ക് കയറി. 0.88 പോയിന്റ് വർധനയാണ് ജനത്തിനുള്ളത്. എന്നാൽ കൈരളി 1.61 പോയിന്റ് ഇടറിയതോടെ അഞ്ചിൽ നിന്നും ഏഴിലെക്ക് കൂപ്പുകുത്തി. ന്യൂസ് 18 നും മീഡിയ വണ്ണിനും പോയിന്റ് നേരിയ തോതിലെങ്കിലും വർധിച്ചു. മുൻനിര വാർത്താ ചാനലുകളിൽ കൈരളിക്ക് മാത്രമാണ് പോയിന്റ് നഷ്ടം സംഭവിച്ചത് .