കാസര്‍കോട് : കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട പൊലിസുകാരെ അയക്കുന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. അതിനുകാരണം ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അന്‍വര്‍ പറഞ്ഞു. കാസര്‍കോട്ട് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അബ്ദുല്‍ സത്താറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍. സത്താറിന്റെ കുടുംബത്തിന് വീടുവെച്ച് നല്‍കണം. സത്താറിനെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
ഒരാഴ്ചയിലേറെയായി സമൂഹം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മാനുഷികമായ വിഷയമാണ് ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ. രാവിലെ മുഴുവന്‍ വെയിലും കൊള്ളുന്നവരാണ് ഓട്ടോ തൊഴിലാളികള്‍. കേരളത്തില്‍ പൊലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഓട്ടോക്കാരും ബൈക്ക് യാത്രക്കാരും. സര്‍ക്കാര്‍ മുന്നില്‍വെയ്ക്കുന്ന ടാര്‍ജെറ്റ് പൂര്‍ത്തീകരിക്കാന്‍ റോഡിലിറങ്ങി ഇവര്‍ക്കുനേരെ ഗുണ്ടായിസം കാണിക്കുകയാണ് പൊലീസ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ ഗതിയില്ലെന്നും അന്‍വര്‍ പറഞ്ഞു.
രാവിലെ മുതല്‍ ഓടിക്കിട്ടുന്നത് നാനൂറോ അഞ്ഞൂറോ രൂപയാണ്. ഇതുകൊണ്ട് കുടുംബം പോറ്റുന്നവരാണിവര്‍. അത് പോലീസ് പിഴിഞ്ഞെടുക്കുന്നു. ഓട്ടോ നടുറോഡിലിട്ട് താക്കോല്‍ ഊരിപ്പോവുകയാണ് പൊലീസിലെ ഒരു ഗുണ്ട. റോഡ് ബ്ലോക്കാവുന്നു. താക്കോല്‍ കൊണ്ടുപോയാല്‍ ഞാന്‍ എങ്ങനെ വണ്ടിയെടുക്കുമെന്നാണ് ഡ്രൈവര്‍ ആ വീഡിയോയില്‍ ചോദിക്കുന്നത്. നാലുദിവസം വണ്ടി പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ചു. എന്നിട്ടും എന്തുകൊണ്ട് കാസര്‍കോട്ടുകാര്‍ പ്രതികരിച്ചില്ല? യൂണിയന് നേതാക്കളൊക്കെ എവിടെയായിരുന്നെന്നും അന്‍വര്‍ ചോദിച്ചു.
മതപണ്ഡിതനായ റിയാസ് മൗലവിയെ കാണാതായിട്ട് എത്ര ദിവസമായി? ഈ കേസിന്റെ അവസ്ഥയെന്താണ്? കാസര്‍കോടിന് മെഡിക്കല്‍ കോളേജ് കിട്ടിയോ? കോവിഡ് കാലത്ത് ടാറ്റ 68 കോടി രൂപ മുടക്കി 90 ദിവസംകൊണ്ട് കാസര്‍കോട്ട് ഒരാശുപത്രി പണിതുതന്നു. ആശുപത്രിയായി നിര്‍മിച്ച് സര്‍ക്കാരിനെ ഏല്‍പ്പിച്ച അതിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? നാട്ടുകാരെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ പിരിവെടുത്ത് നല്ല ഡോക്ടര്‍മാരെ വയ്ക്കുമായിരുന്നു. അതിനെതിരെയും കാസര്‍കോട്ടുകാര്‍ പ്രതികരിച്ചിട്ടില്ല. കാസര്‍ക്കോട്ടുകാര്‍ക്ക് മന്തി തിന്നാന്‍ മാത്രമേ നേരമുള്ളൂ. പത്രം വായിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു.
സത്താറിന്റെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാരിലെ ഒരുദ്യോഗസ്ഥന്റെ വഴിവിട്ട ധാര്‍ഷ്ട്യവും അഹങ്കാരവും അക്രമമനോഭാവവുമാണ് ഒരു കുടുംബം അനാഥമാക്കിയത്. അതുകൊണ്ട് സത്താറിന് സര്‍ക്കാര്‍ വീടുവെച്ചുകൊടുക്കണമെന്നും അന്‍വര്‍ പറഞ്ഞു.