കോട്ടയം : ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് നിര്‍ത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകള്‍ അച്ചു ഉമ്മന്‍. ‘കേസ് കൊടുത്തത് ഒരു ആശയത്തിന് എതിരായിട്ടാണ്. എല്ലാ അമ്പുകളും ഉമ്മന്‍ ചാണ്ടിക്ക് നേരെയാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തരുതെന്നുള്ളത് എന്റെ നിര്‍ബന്ധമാണ്. സുതാര്യതയോടെ ജീവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. എന്റെ പേരില്‍ അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല’. അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
‘വര്‍ഷങ്ങളായി ദുബായില്‍ ബിസിനസ് ചെയ്യുന്നവരാണ് എന്റെ ഭര്‍ത്താവിന്റെ കുടുംബം. സൈബര്‍ ആക്രമണം വന്നപ്പോള്‍ എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് മനപ്രയാസമുണ്ടായി. ഒരു വിശ്വാസ്യതയുമില്ലാത്ത വ്യക്തി സമൂഹത്തിന്റെ മുന്നില്‍ വന്ന് ഉമ്മന്‍ ചാണ്ടിയെന്ന സുതാര്യനായ നേതാവിനെപ്പറ്റി പറഞ്ഞ വാക്കുകള്‍കൊണ്ട് അദ്ദേഹം ഒരുപാട് വേട്ടയാടപ്പെട്ടു.
ഒരു ചെറുപുഞ്ചിരിയോടെ മാത്രമാണു അദ്ദേഹം നിങ്ങളുടെ മുന്പില് വന്നിട്ടുള്ളത്. എങ്കിലും സ്വകാര്യമായി അദ്ദേഹം ഒരുപാടു നൊന്തിരുന്നു. അദ്ദേഹം മരിച്ചിട്ടും ഇതു നിര്‍ത്തുന്നില്ല. ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെവിടണം. സൈബര്‍ ആക്രമണത്തില്‍ ഞാനോ എന്റെ മരിച്ചുപോയ പിതാവോ മാപ്പുനല്കുമായിരിക്കും, പക്ഷേ പുതുപ്പള്ളി മാപ്പുനല്‍കില്ല.-‘ അച്ചു ഉമ്മന്‍ പറഞ്ഞു.