കോട്ടയം : ഒരു മാസത്തെ പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. അഞ്ചര പതിറ്റാണ്ടായി മണ്ഡലത്തിന്റെ പേരിനൊപ്പം ചേർക്കപ്പെട്ട ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെ തിരഞ്ഞെടുക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വീറും വാശിയും ചോരാതെയാണ് മുന്നണികളുടെ സന്നാഹം.
182 ബൂത്തുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. വെബ്കാസ്റ്റിങ് ഉൾപ്പെടെ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 675 അംഗ പൊലീസ് സേനയെയും നിയോഗിച്ചു. 10 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. ഈ ബൂത്തുകളിൽ പോളിങ്ങിന്റെയും സുരക്ഷയുടെയും ചുമതല വനിതകൾക്കായിരിക്കും.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 957 പുതിയ വോട്ടർമാരുണ്ട്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ സൗകര്യം പ്രയോജനപ്പെടുത്തി 2,491 പേർ വീടുകളിൽതന്നെ വോട്ടുചെയ്തു. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ. അഞ്ചുസംസ്ഥാനങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിൽകൂടി ചൊവാഴ്ച വോട്ടെടുപ്പ് നടക്കും.
പുതുപ്പള്ളിക്കൊപ്പം അഞ്ചു സംസ്ഥാനത്തെ ആറു നിയമസഭാ സീറ്റുകളില്‍ കൂടി ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ധനാപുര്‍, ബോക്സാനഗര്‍(ത്രിപുര), ധുമ്രി (ജാര്‍ഖണ്ഡ്), ഭാഗേശ്വര്‍ (ഉത്തരാഖണ്ഡ്), ഘോസി (യുപി), ദൂപ്ഗുരി (പശ്ചിമബംഗാള്‍) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഇതില്‍ അഞ്ചിടത്തും സിറ്റിങ് എംഎല്‍എമാരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് മറ്റ് രണ്ടിടത്തെ തെരഞ്ഞെടുപ്പ്.