കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിനായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ എത്തിയാണ് പത്രിക നല്‍കിയത്. നാല് സെറ്റ് പത്രികയാണ് ചാണ്ടി ഉമ്മന്‍ സമര്‍പ്പിച്ചത്.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പള്ളിക്കത്തോട് കവലയില്‍ നിന്നും നടന്നെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ചാണ്ടി ഉമ്മന്റെ സഹോദരിമാരായ അച്ചു ഉമ്മനും മറിയ ഉമ്മനും സന്നിഹിതരായിരുന്നു.
യുഡിഎഫ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎൽഎ, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.സി. ജോസഫ്, മോന്‍സ് ജോസഫ് എംഎൽഎ, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് സി.ഒ.ടി. നസീറിന്റെ മാതാവായിരുന്നു. കണ്ണൂരില്‍വച്ച് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സി.ഒ.ടി. നസീര്‍.
എൻഡിഎ സ്ഥാനാര്‍ഥി ജി.ലിജിന്‍ലാലും വ്യാഴാഴ്ച നാമനിര്‍ദേശപത്രിക നല്‍കും. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. വരണാധികാരി ആയ കോട്ടയം ആർഡിഒ വിനോദ് രാജിന്റെ മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിനാണ് ഫലം പുറത്തുവരിക.