കോട്ടയം : മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഞായർ വൈകിട്ട് ആറിന് സമാപിച്ചു. ഇന്ന് നിശബ്ദപ്രചാരണം. ചൊവ്വ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരുണ്ട്. 957 പുതിയ വോട്ടർമാരുണ്ട്. 182 പോളിങ് ബൂത്തിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെ ബൂത്തുകളിലെ നടപടികൾ കലക്ടറേറ്റിലെ കൺട്രോൾറൂമിൽ തത്സമയം കാണാം. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ സൗകര്യം പ്രയോജനപ്പെടുത്തി 2,491 പേർ വീടുകളിൽതന്നെ വോട്ടുചെയ്തു. ഇതിൽ 2,152 പേർ 80 വയസ്സിന് മുകളിലുള്ളവരും 339 പേർ ഭിന്നശേഷിക്കാരുമാണ്.കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനങ്ങൾക്ക് ഇടയിലും മണ്ഡലത്തിന്റെ അടിത്തട്ട് ഇളക്കിയുള്ള പ്രചാരണ ഫലമായി വോട്ടിങ് ശതമാനം ഉയർന്നു നിൽക്കുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ .