മുംബൈ : പൂനെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സാധൂകരിക്കാനാവുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അത്രക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നില്ലെന്നും മണിപ്പൂരിലാണ് ഇത്തരമൊരു നിലപാട് എടുക്കുന്നതെങ്കില്‍ മനസിലാക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, കമാല്‍ ഖാറ്റ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പൂനെ സ്വദേശി സുഘോഷ് ജോഷി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഈ വര്‍ഷം മാര്‍ച്ച് 29 ന് പാര്‍ലമെന്റ് അംഗം ഗിരീഷ് ബാപത്തിന്റെ മരണത്തെ തുടര്‍ന്നാണ് പൂനെ ലോക്സഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഉപതെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായം ആരാഞ്ഞിരുന്നു.
മറ്റ് തെരഞ്ഞെടുപ്പുകളുടെയും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടേയും തിരക്കിലായതിനാല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിക്കുകയായിരുന്നു. മാത്രമല്ല ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി അവസാനിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക് മാറ്റി. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 151 എ പ്രകാരം ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പിലൂടെ ഒഴിവ് നികത്തണമെന്ന് അഭിഭാഷകരായ ദയാര് സിംഗ്ല, ശ്രദ്ധ സ്വരൂപ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുഘോഷ് ജോഷി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടത്താത്തത് വോട്ടര്‍മാരുടെ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.