കോട്ടയം : പുൽപ്പള്ളി സഹകരണബാങ്ക് വായ്പാക്രമക്കെടിനെച്ചൊല്ലി കോൺഗ്രസ് മണ്ഡലംകമ്മിറ്റി യോഗത്തിൽ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് അടി. ഞായറാഴ്ച 11 മണിയോടെ രാജീവ് ഭവനിൽചേർന്ന യോഗത്തിലാണ് പ്രവർത്തകർ വാക്തർക്കത്തിലും കയ്യാങ്കളിയുടെ വക്കിലുമെത്തിയത്. സഹകരണബാങ്കിലെ വായ്പ ത്തട്ടിപ്പിലുൾപ്പെട്ട മണ്ഡലംപ്രസിഡന്റ് നിയന്ത്രിക്കുന്നയോഗം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഒരുവിഭാഗം രംഗത്തെത്തിയത്. മണ്ഡലം പ്രസിഡന്റിനെതിരേ കഴിഞ്ഞദിവസം തട്ടിപ്പിനിരയായ വി.എം. ഷാജി എന്നയാളുടെ ഭാര്യ പോലീസിലും കളക്ടറേറ്റിലും പരാതിനൽകിയിരുന്നു. ഈ പശ്ചത്തലത്തിലാണ് മണ്ഡലംപ്രസിഡന്റിനെതിരേ പ്രതിഷേധം ശക്തമായിരിക്കുന്നത്.
കുറ്റക്കാരനായ മണ്ഡലം പ്രസിഡന്റിനെ തത്സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. പ്രാദേശികകോൺഗ്രസ്സിലെ മുതിർന്നനേതാക്കളടക്കം മണ്ഡലം പ്രസിഡന്റിനെതിരേ പ്രതിഷേധവുമായി രംഗത്തുണ്ട്. ക്ഷീരസംഘം തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് യോഗംചേർന്നതെങ്കിലും ബാങ്ക് വായ്പാക്രമക്കേട് വിഷയത്തെത്തുടർന്ന് ചർച്ച തീരുമാനമാകാതെ തല്ലിപ്പിരിയുകയായിരുന്നു.