തൃശൂര്‍ : തൃശൂരില്‍ നാലോണനാളില്‍ ഇക്കുറിയും പുലിയിറങ്ങും. പുലിക്കളി നടത്താന്‍ കോര്പ്പറേഷന് വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തില്‍ തീരുമാനമായി. കോര്പ്പറേഷന് ധനസഹായവും പുലിക്കളി സംഘങ്ങള്‍ക്കു നല്‍കും.
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉപേക്ഷിക്കാന്‍ തൃശൂര്‍ കോര്പ്പറേഷന് തീരുമാനിച്ചിരുന്നു. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി സംഘങ്ങള്‍ രംഗത്തുവരികയും ചെയ്തു.
മേയറുടെ ചേമ്പറില്‍ ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് പുലിക്കളി നടത്താന്‍ തീരുമാനിച്ചത്. അന്തിമ തീരുമാനം കോര്പ്പറേഷന് കൗണ്‍സില്‍ അംഗീകരിച്ചു. ഇതുവരെയുള്ളത് ആറ് പുലിക്കളി സംഘങ്ങളാണ്. സെപ്റ്റംബര്‍ 18ന് ആണ് പുലിക്കളി നടക്കുക. പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
പുലിക്കളി നടത്താന്‍ കോര്പ്പറേഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ പുലിമുഖം ധരിച്ചെത്തി പ്രതിഷേധിച്ചു. നേരത്തേ കുമ്മാട്ടി നടത്താന്‍ മുഖ്യമന്ത്രിയുമായി മന്ത്രി കെ.രാജന് നടത്തിയ ചര്‍ച്ചയില്‍ അനുമതി ലഭിച്ചിരുന്നു.