കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിലെ പ്രതിക്ക് നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം. പ്രതി പി എ സലീമുമായി പൊലീസ് തെളിവെടുപ്പ് നടത്തവേയാണ് നാട്ടുകാർ പ്രകോപിതരായത്. ശനി പകൽ 10:53 ഓടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. 10:57 ന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ആദ്യത്തെ കൈയ്യേറ്റ ശ്രമമുണ്ടായി. പൊലീസുകാർക്കാണ് അടിയേറ്റത്. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. തുടരെ കൈയ്യേറ്റ ശ്രമം നടന്നക്കുന്നതിനിടെ 11:09 ഓടെ തെളിവെടുപ്പ് പൂർത്തിയാക്കുകയായിരുന്നു.
അയൽവാസിയായ ഫൗസിയയുടെ വീട്ടിന് സമീപത്ത് നിന്ന് താൻ പെൺകുട്ടിയുടെ വീട്ടിലേക്ക് സഞ്ചരിച്ച ഇടവഴിയിലൂടെയും മതിൽ ചാടിയും പ്രതി സഞ്ചരിച്ചു. കാഞ്ഞങ്ങാട് താമസിക്കുന്ന കുടക് നാപ്പോക്ലു സ്വദേശി പി എ സലീമിനെ (35) പ്രത്യേക അന്വേഷണസംഘം ആന്ധ്രയിൽ നിന്ന് ഇന്നലെയാണ് പിടികൂടിയത്. സംഭവം നടന്ന് പത്താം ദിവസമാണ് പ്രതി പിടിയിലായത്. ഇയാൾക്കായി കാഞ്ഞങ്ങാട് ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിൽ 26 അംഗ അന്വേഷണ സംഘം ഇതര സംസ്ഥാനങ്ങളിലടക്കം വ്യാപകമായ അന്വേഷണമാണ് പൊലീസ് സംഘം നടത്തിയത്.ഡിവൈഎസ്പി വി വി ലതീഷ്, സിഐ എം പി ആസാദ്, എസ്ഐ എം ടി പി സൈഫുദ്ധീൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത പ്രതി കാഞ്ഞങ്ങാടെത്തിയാൽ ഭാര്യയുടെയും കുടകിലെത്തിയാൽ അമ്മയുടെയും ഫോണാണ് ഉപയോഗിച്ചത്. ഇത് അന്വേഷണസംഘത്തെ വലച്ചു. ഇതിനിടെ പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് നിർണായകമായത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിലും കുടകിൽ മാലപൊട്ടിക്കൽ കേസിലും പ്രതിയാണ് സലിം. പോക്സോ കേസിൽ മൂന്നുമാസം റിമാൻഡിലായിരുന്നു. കഴിഞ്ഞ 15നാണ് കാഞ്ഞങ്ങാട് പടന്നക്കാട്ട് വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി സ്വർണക്കമ്മൽ കവർന്ന് ഉപേക്ഷിച്ചത്. പുലർച്ചെ രണ്ടിന് മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോൾ, തുറന്നിട്ട മുൻവാതിൽ വഴിയാണ് ഇയാൾ അകത്തുകയറിയത്. വീടിന് പിറകിൽ അരക്കിലോമീറ്റർ അകലെ വയലിൽ കൊണ്ടുപോയാണ് ഉപദ്രവിച്ചത്.