പാരീസ്: ബാര്‍സലോണയുടെ യംഗ് സ്റ്റാര്‍ യാമിന് യമാലിനെ സ്വന്തമാക്കാന്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. സമ്മര്‍ ട്രാന്‍സ്ഫറില്‍ കെയ്ലിയന് എംബാപ്പെ ടീം വിടുന്ന സാഹചര്യത്തിലാണ് ഭാവിയിലേക്കുള്ള താരമായി യമാലിനെ ക്ലബ്ബ് നോട്ടമിടുന്നത്. 200 മില്യണ്‍ യൂറോയാണ് താരത്തിനായി പിഎസ്ജി മുടക്കുക. 16 വയസുള്ള താരം 27 ലാലിഗ മത്സരങ്ങളില്‍ നിന്നായി നാല് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. വലത് വിംഗറായ ലാമിനെ ബാര്‍സലോണ വിട്ടുനല്‍കാന്‍ സാധ്യത കുറവാണ്. താരത്തിന് നിലവില്‍ 2026 വരെ ബാര്‍സയുമായി കരാറുണ്ട്.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ബാര്‍സ മികച്ച ഓഫര്‍ നല്കിയാല് താരത്തെ കൈമാറിയേക്കുമെന്നാണ് പിഎസ്ജി മാനേജ്മെന്റിന്റെ കണക്ക് കൂട്ടല്‍.
എംബാപ്പെ റയലിലേക്ക് വരുന്നതിനാല്‍ ബാര്‍സക്കും ടീം ശക്തമാക്കേണ്ടതുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാലണ്ടിനായി ബാര്‍സ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് തിരിച്ചടിയായത്. ലാമിന് യമാലിനെ വിട്ട് നല്കി കൂടുതല്‍ താരങ്ങളെ സ്വന്തമാക്കാനും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനും ബാര്‍സ ശ്രമിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.