തിരുവനന്തപുരം: അഡ്വൈസ് മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി തീരുമാനിച്ചു. ഈമാസം മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാക്കുക.
അഡ്വൈസ് തപാൽ മാർഗ്ഗമയയ്ക്കുന്ന നിലവിലെ രീതി തുടരും. അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് പ്രൊഫൈലിൽ നിന്നും നിയമന ശുപാർശ നേരിട്ട് ഡൗൺലോഡ് ചെയ്യാനും സാധിക്കും. ക്യു.ആർ കോഡോടു കൂടിയുള്ള അഡ്വൈസ് മെമ്മോയായിരിക്കും പ്രൊഫൈലിൽ ലഭ്യമാക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ അഡ്വൈസ് മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ അഡ്വൈസ് മെമ്മോകൾ ലഭിക്കുകയും ചെയ്യും. വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശുപാർശാ കത്തുകൾ ഇ-വേക്കൻസി സോഫ്ട്വെയർ മുഖാന്തരം നിയമനാധികാരികൾക്ക് നേരിട്ട് ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.