കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയായ വനിതാ ഡോക്ടറുടെ ഭർത്താവിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പ്രാഥമിക മൊഴിയെടുപ്പ് നടത്തിയത്. കോഴ വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
സംഭവത്തിൽ വാക്കാൽ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്നാണ് സൂചന. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ വാങ്ങിയതെന്നാണ് ആരോപണം ഉയർന്നത്. പിഎസ്സി അംഗത്വത്തിനായി 22 ലക്ഷം രൂപ കോട്ടൂളി സ്വദേശിയായ ടൗൺ ഏരിയാ കമ്മിറ്റി അംഗത്തിന് കൈമാറിയെന്നാണ് വനിതാ ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 60 ലക്ഷം നൽകിയാൽ പിഎസ്സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ 20 ലക്ഷം പിഎസ്സി അംഗത്വത്തിനും രണ്ടുലക്ഷം മറ്റു ചിലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി. വനിതാ ഡോക്ടർക്ക് വേണ്ടി ഭർത്താവാണ് പണം നൽകിയത്. കോഴ ആരോപണത്തിൽ പാർട്ടി നടപടിക്ക് പിന്നാലെ പോലീസ് കൂടി ഇടപെട്ടതോടെ വിഷയം വിവാദമായി.
അതേസമയം, കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നാണ് സൂചന. കോഴ ആരോപണം പോലുള്ള സംഭവങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണ വിധേയനെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തന്നെ ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയെന്നാണ് സൂചന. പ്രമോദ് കോട്ടൂളിയെ വൈകാതെ തന്നെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയേക്കും.