തിരുവനന്തപുരം: ഉദ്യോഗാർഥികൾക്ക് ആശ്വാസം നൽകുന്ന വാർത്ത പുറത്തു വിട്ട് പിഎസ്സി. എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഒറ്റ പരീക്ഷ നടത്താൻ പിഎസ്സി യോഗം തീരുമാനിച്ചു. രണ്ടു ഘട്ടങ്ങളായി നടത്തുന്നതിൽ ഉദ്യോഗാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും പരീക്ഷകളിലെ ചോദ്യങ്ങളെ തരംതിരിച്ച് മാർക്ക് സമീകരണം നടത്തുന്നതിലെ പോരായ്മകളും പരിഗണിച്ചാണിത്.
കൂടുതൽ ഉദ്യോഗാർഥികളുള്ള ജില്ലയ്ക്കും കുറവുള്ള ജില്ലയ്ക്കുമായി ഒരു ദിവസം പരീക്ഷ നടത്തിയാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഇങ്ങനെ ഓരോ ജില്ലയ്ക്കും പരീക്ഷ നടത്തും. മുൻ ചെയർമാൻ എം.കെ. സക്കീർ കൊണ്ടുവന്ന പരിഷ്കാരമാണ് തിരുത്തുന്നത്. നേരത്തേ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയും ഒഴിവാക്കിയിരുന്നു.യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലും പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ ആലോചനയുണ്ട്. ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം 30ന് പുറപ്പെടുവിക്കും. ഡിസംബറിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലാണ് യുപിഎസ്സി മാതൃകയിൽ പരീക്ഷകൾ രണ്ടുഘട്ടമാക്കിയത്. അപേക്ഷകരുടെ എണ്ണം കുറച്ച് വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.