കാസര്‍ഗോഡ് : തൃക്കണ്ണാട് കടല്‍ഭിത്തി നിര്മിക്കാത്തതിനേ ചൊല്ലി മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത് പോലീസ് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മത്സ്യബന്ധന വള്ളങ്ങള്‍ റോഡിന് കുറുകെ വച്ച് മത്സ്യതൊഴിലാളികള്‍ പ്രതിഷേധം തുടരുകയാണ്. കടല്‍ഭിത്തി നിര്‍മിക്കാമെന്ന് ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇവർ. സ്ത്രീകളടക്കമുള്ള ആളുകള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരം ഇവര്‍ സൂചനാ പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് രാവിലെ പത്തിനകം കളക്ടര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രാവിലെ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം ഇവിടെയെത്താമെന്ന് കളക്ടര്‍ അറിയിച്ചതോടെ റോഡ് ഉപരോധിച്ച് സമരം തുടങ്ങുകയായിരുന്നു. കടല്‍ക്ഷോഭം മൂലം ഓരോ വര്‍ഷവും പ്രദേശത്ത് രണ്ടോ മൂന്നോ വീടുകള്‍ വീതം തകരുന്നുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വലയും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്ന ഒരു കെട്ടിടവും കഴിഞ്ഞ ദിവസം ഇവിടെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിരുന്നു.