തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിഷേധത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം കന്റോണ്മെന്റ്, പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയവരെയാണ് തുടർനടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കുക. ഇതിൽ 7 പേർക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണ്.
എഴുപേർക്കെതിരെ രണ്ട് കേസും ബാക്കിയുള്ളവർക്കെതിരെ ഓരോ കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഡി.ജി.പിയും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് തയ്യാറാക്കാൻ കമ്മീഷണർ സിറ്റി ഡി.സി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് തലസ്ഥാന നഗരി അസാധാരണ സംഭവവികാസങ്ങള്ക്ക് സാക്ഷിയായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവർത്തകർ ഗവർണറെ നേരിട്ടത്. വൈകീട്ട് കേരള സർവകലാശാല കാമ്പസിനു മുന്നിലാണു സംഭവം. ആക്രമണത്തിൽ ക്ഷുഭിതനായി ഗവർണർ കാറിൽനിന്ന് ചാടിയിറങ്ങി. പൊട്ടിത്തെറിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് ആളുകളെ തനിക്കെതിരെ പ്രതിഷേധത്തിന് അയയ്ക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു.
ഗവർണറെ പൊതുനിരത്തിൽ തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്കു കടക്കുമെന്ന് എസ്.എഫ്.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താൻ നോക്കേണ്ട. എസ്.എഫ്.ഐ എന്നെ ഒന്നും ചെയ്തിട്ടില്ല. അവർ റോഡിൽ നിൽക്കുന്നത് കണ്ട് ഞാൻ പുറത്തിറങ്ങി. തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.