


വയനാട് : കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വയനാട് മുണ്ടക്കൈ-ചൂരൽമല സംഭവത്തിന് ഒരു വർഷം പിന്നിടുമ്പോഴും അതിജീവിതർ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതിന്റെ വേദനയിൽ നിന്ന് കരകയറിയിട്ടില്ലാത്തവർ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും വളരെയേറെ കഷ്ടപ്പെട്ടിട്ടാണ്. ഉപജീവനമാർഗങ്ങൾ പ്രതിസന്ധിയിലായത് ഭൂരിപക്ഷം പേരെയും ബാധിച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തെ തുടർന്ന് പലയിടങ്ങളിൽ നിന്ന് സഹായ വാഗദ്ധാനങ്ങൾ ഉണ്ടായി. സർക്കാരിന് പുറമെ, വിവിധ രാഷ്ട്രീയ പാർട്ടികൾ മതസംഘടനകൾ, മറ്റ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങളൊക്കെ സഹായവുമായി മുന്നോട്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇതിലെത്ര പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ കഴിഞ്ഞു, പുനരധിവാസ പ്രവർത്തനങ്ങൾ എത്രത്തോളം മുന്നോട്ട് പോയി എന്ന് പരിശോധിച്ചാൽ ആദ്യം ഉയരുന്നത് ഇത് സംബന്ധിച്ച വിവാദങ്ങളായിരിക്കും.
ആദ്യം വിവാദമുണ്ടായത് യൂത്ത് കോൺഗ്രസ് പൈസ സമാഹരിച്ചുവെങ്കിലും വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് കാര്യങ്ങളൊന്നും നീങ്ങിയില്ല എന്നതിലായിരന്നു വിവാദം. ഇത് സംബന്ധിച്ച് പരാതിയും പൊലീസ് കേസുമൊക്കെ ഉണ്ടായി. അതിന് ശേഷം മുസ്ലിം ലീഗ് വാങ്ങിയ സ്ഥലം വീട് നിർമ്മിക്കാൻ സാധിക്കാത്ത സ്ഥലമാണ് എന്ന വിവാദത്തിലേക്കാണ് പുനരധിവാസ പ്രവർത്തനങ്ങൾ എത്തിയത്. നിലവിൽ പുനരധിവാസ പ്രവർത്തനങ്ങളുടെ സ്ഥിതി എന്താണ്
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ 91,73 കോടി രൂപ സിഎംഡിആർഎഫിൽ നിന്ന് ചെലവഴിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2025 ജൂൺ 25 വരെ, ഇതിനായി സിഎംഡിആർഎഫിന് ആകെ 770.76 കോടി രൂപ ലഭിച്ചു. സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വീട് വേണ്ട എന്ന് പറഞ്ഞ 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകി. മൊത്തമുള്ള 402 ഗുണഭോക്താക്കളിൽ 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപാ വീതം മതി എന്ന് അറിയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. 410 റെസിഡൻഷ്യൽ യൂണിറ്റുകളുള്ള ടൗൺഷിപ്പ് പ്രവർത്തനം പൂർത്തിയായി വരുന്നു.
പുനരധിവാസത്തിനായി 25 വീടുകൾക്കുള്ള പണം നൽകുമെന്ന് പ്രഖ്യാപിച്ച ഡി വൈ എഫ് ഐ 20 കോടി രൂപ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എ ഐ വൈ എഫ് പത്ത് വീടുകൾക്കായി ഒരു കോടി രൂപ സർക്കാരിന് കൈമാറി. കേരളാ പൊലീസ് അസോസിയേഷൻ മൂന്ന് വീടുകൾ പ്രഖ്യാപിച്ചു. അത് സ്ഥലമേറ്റെടുത്ത് നിർമ്മിച്ച് കൈമാറി. തമിഴ്നാട് മുസ്ലിം ജമാഅത്ത്, 14 വീടുകൾ പ്രഖ്യാപിച്ചു. അതിനുള്ള സ്ഥലമേറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കി. സേവാഭാരതി പ്രഖ്യാപിച്ച 50 വീടുകൾക്കായി അഞ്ച് ഏക്കർ സ്ഥലം വാങ്ങി. 30 വീടുകൾ പ്രഖ്യാപിച്ച പീപ്പൾസ് ഫൗണ്ടേഷൻ നാലേക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വിവിധ മുജാഹിദ് ഗ്രൂപ്പുകൾ 40 വീടുകൾ പ്രഖ്യാപിച്ചു. അതിനായി സ്ഥലം വാങ്ങിക്കഴിഞ്ഞു. മുസ്ലിം ലീഗ് പ്രഖ്യാപിച്ച 105 വീടുകൾക്കായി 11 ഏക്കർ സ്ഥലം വാങ്ങി തറക്കല്ലിട്ടു. പക്ഷേ, ഇവിടെ വീട് നിർമ്മാണം നടത്താൻ കഴിയാത്ത ഭൂമിയാണ് എന്ന ആരോപണത്തിൽ തുടർപ്രവർത്തനം നിലച്ച സ്ഥിതിയിലാണ്. കോൺഗ്രസ് 100 വീടും യൂത്ത് കോൺഗ്രസ് 30 വീടും പ്രഖ്യാപിച്ചു. എന്നാൽ, സ്ഥലം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.