ഇംഫാല്‍ : വഖഫ് നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീട് ജനക്കൂട്ടം തീകൊളുത്തി. ന്യൂനപക്ഷ മോര്‍ച്ച നേതാവ് അസ്കര്‍ അലിയുടെ വീടാണ് തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന് മണിപ്പൂരിലെ ലിലോങില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വടികളും കല്ലുകളുമായി എത്തിയ ഏണ്ണായിരത്തോളം വരുന്ന ആള്‍ക്കൂട്ടമാണ് അസ്കര്‍ അലിയുടെ വീട് അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് പറയുന്നു. പുതിയ വഖഫ് നിയമം പാസാക്കിയതിന് പിന്നാലെ, അതിനെ പിന്തുണച്ച് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചിരുന്നു. ഞായറാഴ്ച രാത്രിയിലെ സംഭവത്തെ തുടര്‍ന്ന് അദ്ദേഹം പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തുകയും വഖഫ്നിയമത്തെ അപലപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മണിപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പുതിയ വഖഫ് നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ദേശീയപാതയില്‍ ഗതാഗതതടസ്സം സൃഷ്ടിച്ച് നടത്തിയ പ്രതിഷേധത്തില്‍ അയ്യായിരത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്നു. മുസ്ലീങ്ങള്‍ ഏറെ താമസിക്കുന്ന ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. മുസ്ലീങ്ങള്‍ കൂടുതലുളള പ്രദേശങ്ങളില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബില്ലിന്മേല് ലോകസ്ഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. പിന്നാലെ ലോക്സഭയും രാജ്യസഭയും വഖഫ് ഭേദഗതി നിയമം പാസാക്കി. ബില്ലിനു രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്കി. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കി. ഇതോടെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.