കൊച്ചി: അമൃത ആശുപത്രിയിൽ മൂന്നു ദിവസത്തെ അന്താരാഷ്ട്ര ക്ലിനിക്കൽ സൈക്കോളജി സമ്മേളനത്തിന് തുടക്കമായി. ലൈംഗികതയും പ്രത്യുത്പാദന ആരോഗ്യവും (സെക്ഷ്വൽ ആൻഡ് റീപ്രൊഡക്ടീവ് ഹെൽത്ത്) എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. ദുബായ് സിവാനാ ഹെൽത്ത് കെയർ സിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം പ്രൊഫസർ ആർ.ശ്രീഹരി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബംഗളൂരു നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ എം മഞ്ജുള, ശംഭു അനിൽ, അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് വിഭാഗം മേധാവി ഡോ സന്ദീപ് വിജയരാഘവൻ, യൂറോളജി വിഭാഗം പ്രൊഫസർ ഡോ കെ വി സഞ്ജീവൻ, റീപ്രൊഡക്റ്റീവ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ജയശ്രീ നായർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സെക്ഷ്വൽ ഡൈവേഴ്സിറ്റി, സെക്ഷ്വൽ- റീ പ്രൊഡക്ടീവ് തകരാറുകളും ചികിത്സകളും തുടങ്ങിയ വിഷയങ്ങളിൽ അധിഷ്ഠിതമായ ചർച്ചകളും ക്ലാസുകളുമാണ് 3 ദിവസത്തെ സമ്മേളനത്തിൽ നടക്കുക. സമ്മേളനം ശനിയാഴ്ച സമാപിക്കും