കൊച്ചി : അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുവിന് ഇന്ന് 98-ാം പിറന്നാള്‍. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ ഇന്നു നടക്കും. ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തില്‍ രാവിലെ 10ന് സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലന് സാനുവിനെ പൊന്നാടയണിയിക്കും.
എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പകല്‍ 11 ന് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ എം കെ സാനുവിന്റെ പുതിയ പുസ്തകം ‘അന്തിമേഘങ്ങളിലെ വര്‍ണഭേദങ്ങള്‍’ പ്രകാശിപ്പിക്കും. സാനുവിനെക്കുറിച്ച് പ്രൊഫ. എം തോമസ് മാത്യു രചിച്ച ‘ഗുരവേ നമഃ’ പുസ്തകവും പുറത്തിറക്കും.
എം കെ സാനു പുരസ്കാരസമിതി പകല്‍ 3.30ന് ബിടിഎച്ചില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ എം കെ സാനു ഗുരുശ്രേഷ്ഠ അധ്യാപക അവാര്‍ഡ്, തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ റേച്ചല്‍ ഇഗ്നേഷ്യസിന് എം കെ സാനുവും മന്ത്രി പി രാജീവും ചേര്‍ന്ന് സമ്മാനിക്കും. മിനി ബാനര്‍ജിയുടെ മോഹിനിയാട്ടം, ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതം എന്നിവയും അരങ്ങേറും.