


ബെംഗളൂരു : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രമായ ‘ടോക്സിക്കി’ന്റെ റിലീസ് മാറ്റിവച്ചു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമാണ് ഇക്കാര്യം അറിയിച്ചിരുന്നത്. മാർച്ച് 19 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂൺ 4 ലേക്കാണ് മാറ്റിയത്.
ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങൾ സിനിമാ പ്രദർശനത്തെ മോശമായി ബാധിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ചിത്രത്തിലെ ആദ്യ സിംഗിൾ ആയ തബാഹി മാർച്ച് 2-ന് പുറത്തിറക്കാൻ സജ്ജമായിരുന്നെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രെമോഷനടക്കം മാറിവച്ചതായി അറിയിക്കുന്നുണ്ട്. മാർച്ച് 8-ന് ബെംഗളൂരിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന വൻ ട്രെയിലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് അറിയിപ്പ്.
യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ടോക്സിക്കിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലിഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും.