കൊച്ചി : എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണ. വോളന്ററി മോഡിഫിക്കേഷൻ വരുത്തും. വ്യാപക പ്രതിഷേധം മൂലമാണ് തീരുമാനം. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. രംഗങ്ങൾ ഒഴിവാക്കും. വില്ലന്റെ പേരിലും മാറ്റം വരുത്തും.
തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും.
എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. എംപുരാൻ സിനിമ ബഹിഷ്കരിക്കാനും ആഹ്വാനവുമുണ്ട്.
ഹിന്ദുവിരുദ്ധ അജണ്ടയാണ് ചിത്രത്തിലെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നു. ചിത്രത്തിൽ 2002 ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുണ്ട്. പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയത്. മോഹൻലാലിൻ്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്. ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിർമിച്ചതെന്നും ഓർഗനൈസറിൽ പറയുന്നു. പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിലാണ് സിനിമയിൽ മാറ്റം വരുത്താൻ ധാരണയായത്.
അതേസമയം, എംപുരാൻ ഹിന്ദു വിരുദ്ധ സിനിമയെന്ന് പറയുന്നത് സിനിമക്ക് പിന്നിൽ പ്രവർത്തിച്ചവരോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എഎ റഹീം എംപി പ്രതികരിച്ചു. സംഘപരിവാറിന്റെ ഈ നീക്കത്തിനെതിരെ ജനാതിപത്യ സംവിധാനങ്ങൾ ഒറ്റക്കെട്ടാവണം. ഗുജറാത്ത് വംശഹത്യ യാഥാർഥ്യമാണെന്നും, അത് മറച്ചുകളയാനാണ് സംഘപരിവാർ ശ്രമം നടത്തുന്നതെന്നും റഹീം പറഞ്ഞു.
തങ്ങളെ വിമർശിക്കപ്പെടുമ്പോൾ മാത്രം അസഹിഷ്ണുത കാണിക്കുന്നത് ശരിയാണോയെന്നത് ബിജെപിക്കാർ ആലോചിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. സിനിമകൾ എല്ലാ കാലത്തും വർത്തമാനകാല രാഷ്ട്രീയം ചർച്ചചെയ്യും. അത് ആവിഷ്കര സ്വാതന്ത്ര്യമാണെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.