ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി ഡല്‍ഹി പോലീസ്. പഞ്ചാബില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. പഞ്ചാബി ബാഗ്, ശിവാജി പാര്‍ക്ക്, മാദിപുര്, പശ്ചിമവിഹാര്‍, ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍ സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ചുവരെഴുത്തുകള്‍ കണ്ടത്.
ചിലയിടങ്ങളില്‍ ജി 20ക്കെതിരായ മുദ്രാവാക്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ജി 20 സമ്മേളനം നടക്കാനിരിക്കെ സംഭവത്തെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.