ഗുവാഹത്തി: അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വെറും 10 വർഷം കൊണ്ട് ലോകത്തെ അതിസമ്പന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്ന് അവർ വിമർശിച്ചു. 70 വർഷം കൊണ്ട് കോൺഗ്രസ് നേടിയതിന്റെ എത്രയോ മടങ്ങ് അവർ സമ്പാദിച്ചു. ലൈംഗികാതിക്രമ കേസിൽ കുറ്റാരോപിതനായ കർണാടക എം.പി പ്രജ്വാൽ രേവണ്ണയ്ക്കു വേണ്ടി വോട്ട് ചോദിക്കുകയും രാജ്യംവിടാൻ സഹായിക്കുകയും ചെയ്തയാളാണു മോദിയെന്നും പ്രിയങ്ക ആരോപിച്ചു.
അസമിലെ ധുബ്രിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ”10 വർഷംകൊണ്ട് ബി.ജെ.പി ലോകത്തെ ഏറ്റവും വലിയ സമ്പന്ന പാർട്ടിയായി. 70 വർഷം കൊണ്ടു പോലും കോൺഗ്രസിന് അത്രയും നേടാനായിട്ടില്ല. എല്ലാ ആരോപണങ്ങളും വെടിപ്പാക്കുന്ന വാഷിങ് മെഷീനുണ്ട് ബി.ജെ.പിക്ക്. ഇവിടത്തെ മുഖ്യമന്ത്രി(ഹിമാന്ത ബിശ്വശർമ)ക്കെതിരെ ഉയർന്നിരുന്ന ആരോപണങ്ങളെല്ലാം ബി.ജെ.പിയിൽ ചേർന്നതോടെ അപ്രത്യക്ഷമാകുകയാണുണ്ടായത്”-പ്രിയങ്ക ചൂണ്ടിക്കാട്ടി.
സർക്കാരിന് വികസനത്തെക്കാളും പണമുണ്ടാക്കുന്ന പദ്ധതികളിലാണ് ശ്രദ്ധയെന്നും അവർ വിമർശിച്ചു. മാഫിയരാജാണ് അസമിൽ നടക്കുന്നത്. ഭൂമാഫിയയും മണൽ മാഫിയയും അടക്ക മാഫിയയും കൽക്കരി മാഫിയയുമാണ് എല്ലായിടത്തും. സമ്പദ അഴിമതി, പി.പി.ഇ കിറ്റ് അഴിമതി, മേൽപ്പാലം അഴിമതി, പശുക്കടത്ത് എന്നിവയെല്ലാമാണ് നടന്നുകൊണ്ടിരിക്കുന്നത്. വികസനമൊന്നുമല്ലെന്നും പ്രിയങ്ക തുടർന്നു.
അസമിൽ ഉൾപ്പെടെ കുതിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്വന്തം കാര്യങ്ങളിലാണു ശ്രദ്ധ. ഒരുപാട് അഴിമതികളിൽ ഹിമാന്ത ബിശ്വ ശർമയ്ക്കു പങ്കുണ്ടെന്നു പറഞ്ഞ പ്രിയങ്ക തെലങ്കാനയിൽ ബി.ജെ.പിയും അസദുദ്ദീൻ ഉവൈസിയുമായുള്ള പോലെ അസമിൽ ഹിമന്തയും എ.ഐ.യു.ഡി.എഫ് നേതാവ് ബദ്റുദ്ദീൻ അജ്മലും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു