കൊച്ചി : സ്വകാര്യ ബസിന് 140 കിലോമീറ്റര്‍ കടന്നും സർവീസ് ആകാമെന്ന് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥ റദ്ദാക്കി. റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഹൈക്കോടതി ഉത്തരവോടെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്ന കെ.എസ്.ആര്.ടി.സി നിലപാടിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം പെര്‍മിറ്റ് നല്‍കാതിരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ സ്കീം നിയമപരമല്ലെന്ന സ്വകാര്യബസുടമകളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തെ തുടർന്ന് മലയോര മേഖലകളിൽ നിന്നുള്ള നിരവധി സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് നഷ്ടപ്പെട്ടിരുന്നു. ഇത് ജനങ്ങളിൽ വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചത്. പരിഹാരമായി ഈ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ബസുകൾ ഇല്ലാത്തതിനാൽ അത് പ്രാവർത്തികമായില്ല. ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സ്കീം നിയമപരമല്ലെന്ന ഹൈക്കോടതി ഉത്തരവ് എത്തുന്നത്. ഹർജികർക്കു വേണ്ടി സീനിയർ അഡ്വ പി ദീപക്, അഡ്വ റിൽജിൻ വി ജോർജ് എന്നിവർ ഹാജരായി.