തൃശൂർ: കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ സമീപത്തെ മൂന്ന് ആശുപത്രികളിലേക്ക് മാറ്റി. ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് വിവരം. മറ്റാരുടെയും പരിക്ക് സാരമുള്ളതല്ല.
തൃപ്രയാറില്‍നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ക്രൈസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. റോഡ് പണി പൂർത്തിയാകാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ ഒരു ഭാഗത്ത് മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിരുന്നത്. ഇതാണ് ബസ് താഴ്ചയിലേക്ക് മറിയാൻ കാരണമായതെന്നും യാത്രക്കാര്‍ പറഞ്ഞു.ബസ് പൂർണമായും മറിഞ്ഞ നിലയയിലാണ്. അപകടം നടന്നയുടനെ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. മന്ത്രി കെ.രാജന് അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.