സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് കാലിന്റെ ലിഗമെന്റിൽ കീഹോൾ സർജറി നടത്തിയത്. അദ്ദേഹത്തിന് ഡോക്ടർ രണ്ട് മാസത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്.
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയായിരുന്നു പൃഥിരാജിന് പരിക്കേറ്റത്. ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബസിൽ നിന്നുള്ള ഒരു സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റത്. ബസിൽ നിന്നും ചാടിയിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ഷമ്മി തിലകൻ, അനു മോഹൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രത്തിന്റെ നിർമ്മാണം.