ന്യൂയോർക്ക് : ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്കൊപ്പമുള്ള മോദിയുടെ വിഡിയോ ആണ്. ‘ഹലോ ഫ്രം ദി മെലോഡി ടീം’ എന്ന് പറഞ്ഞ് ചിരിക്കുന്ന മെലോനിയേയും മോദിയേയുമാണ് വിഡിയോയിൽ കാണുന്നത്.
‘ഹായ് ഫ്രണ്ട്സ് ഫ്രം മെലോഡി’ എന്ന അടിക്കുറിപ്പിലാണ് ജോർജ മെലോനി വിഡിയോ പങ്കുവച്ചിരിക്കുന്നത്. മെലോനിയുടേയും മോദിയുടേയും പേരുകൾ ചേർത്തുകൊണ്ടുള്ള മെലോഡി എന്ന ഹാഷ്ടാഗിലായിരുന്നു പോസ്റ്റ്. ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയാണ് മെലോഡി ഹാഷ്ടാഗ്.
വെള്ളിയാഴ്ച, മോദിയും മെലോനിയും ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയെ, മെലോനി അഭിനന്ദിച്ചു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനു മോദി, മെലോനിയെ നന്ദിയറിക്കുകയും ചെയ്തു. ജി7ൽ അംഗമല്ലാത്ത ഇന്ത്യയെ, ഉച്ചകോടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു.