തൃശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡിൽ ഇറങ്ങും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾ 20 മിനിറ്റ് മുൻപ് ഹെലിപ്പാഡിൽ കവചമായി നിർത്തും. പിന്നാല പ്രധാനമന്ത്രി ഹെലിപ്പാഡിൽ ഇറങ്ങും. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും സ്വീകരിക്കും.
ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക്. 7.40നായിരിക്കും അദ്ദേഹം ദർശനത്തിനായി എത്തുക. 20മിനിറ്റ് ദർശനം. താമര കൊണ്ടു തുലാഭാരം നടത്താൻ സാധ്യത. 8.45നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക്. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികൾക്ക് ആശംസ നേരും. പിന്നീട് അദ്ദേഹം തൃപ്രയാറിലേക്ക് പോകും.
നാളെ 80 വിവാഹങ്ങളാണ് ഗുരുവായൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമയത്ത് മറ്റു മണ്ഡപങ്ങളിൽ താലി കെട്ടുന്ന വധൂവരൻമാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൈമാറണം.
പ്രധാനമന്ത്രി ദർശനത്തിനായി എത്തുമ്പോൾ ഉദ്യോഗസ്ഥരും പാരമ്പര്യ പ്രവൃത്തിക്കാരുമുടക്കം 15 പേർക്ക് അകത്ത് നിൽക്കാൻ അനുവാദം ഉള്ളു. ദേവസ്വം ഭരണ സമിതി അംഗങ്ങൾക്ക് കൊടി മരത്തിനു സമീപം നിൽക്കാം. സുരക്ഷാ നടപടികൾക്കായി 3,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.