ദുബായ് : ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മടങ്ങിയെത്തി. യുഎഇയിൽനിന്നും വെള്ളിയാഴ്ച രാത്രിയാണ് ഡൽഹി വിമാനത്താവളത്തിൽ മോദി പറന്നിറങ്ങിയത്.
ഉച്ചകോടിയിൽ 2028ലെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 33) ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവിനു തുടക്കം കുറിച്ച മോദി, കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ അധികം സമയമില്ലെന്നും പറഞ്ഞു.
“കഴിഞ്ഞ നൂറ്റാണ്ടിൽ ഒരു ചെറിയ വിഭാഗം വകതിരിവില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തു. മാനവരാശി മുഴുവൻ അതിനിപ്പോൾ വില നല്കുകയാണ്; പ്രത്യേകിച്ചും തെക്കൻ മേഖലയിലുള്ളവർ. നമ്മുടെ താത്പര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചാൽ ലോകം ഇരുട്ടിലാകും. വികസനവും പ്രകൃതിസംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഉദാഹരണമാണ് ഇന്ത്യ.
ലോകജനസംഖ്യയിൽ 17 ശതമാനം ഇന്ത്യയിലാണ്. എന്നാൽ, ആഗോള കാർബൺ പുറന്തള്ളലിൽ നാലു ശതമാനത്തിൽ താഴെയാണ് ഇന്ത്യയുടെ പങ്ക്. 2030ഓടെ കാർബൺ പുറന്തള്ളൽ 45 ശതമാനം കുറയ്ക്കാനും ഫോസിൽ ഇതര ഇന്ധനങ്ങളുടെ ഉപയോഗം 50 ശതമാനം ആക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. 2070ൽ കാർബൺ പുറന്തള്ളൽ പൂജ്യമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് നീങ്ങുന്നതെന്നും മോദി പറഞ്ഞു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽനഹ്യാന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുത്തത്. നവംബർ 30ന് ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി ഡിസംബർ 12നു സമാപിക്കും.
കോപ് 27 കാലാവസ്ഥാ ഉച്ചകോടി ഈജിപ്തിലെ ഷാം അൽ ഷെയ്ഖിലാണു നടന്നത്. 2002ൽ കോപ് 8 കാലാവസ്ഥാ ഉച്ചകോടി ന്യൂഡൽഹിയിലാണു നടന്നത്.