പാരിസ് : ഫ്രഞ്ച് നഗരമായ മാര്‍സേയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രത്തിലുള്ള പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദ്വിദിന സന്ദര്‍ശനത്തിന് ഫ്രാന്‍സിലെത്തിയ മോദി, ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടിയാണ് ഫ്രഞ്ച് പ്രസിഡന്റിനൊപ്പം മാര്സേയിലെത്തിയത്.
‘മാര്‍സേയിലെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഈ നഗരത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇവിടെവെച്ചാണ് മഹാനായ വീര്‍ സവര്‍ക്കര്‍ രക്ഷപ്പെടാനുള്ള ധീരമായ ശ്രമം നടത്തിയത്. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട അന്നത്തെ മാര്‍സേയ് നിവാസികളോടും ഫ്രഞ്ച് ആക്ടിവിസ്റ്റുകളോടും നന്ദിപറയാന്‍ ആഗ്രഹിക്കുകയാണ്. വീര്‍ സവര്‍ക്കറുടെ ധീരത തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’ എന്നായിരുന്നു മോദിയുടെ എക്സിലെ കുറിപ്പ്.
മാര്സേയിയില് പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും ലോകമഹായുദ്ധങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലിയും അര്‍പ്പിക്കും.