പോര്‍ട്ട് ലൂയിസ് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. ദ്വീപ് രാഷ്ട്രത്തിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോദി രാജ്യത്തെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ശേഷി വര്‍ധിപ്പിക്കല്‍, വ്യാപാരം, അതിര്‍ത്തി കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നീ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.
മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലത്തിന്റെ ക്ഷണത്തെ തുടര്‍ന്നാണ് ദേശീയ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി മോദി എത്തിയത്. സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയതും തിളക്കമുള്ളതുമായ ഒരു അധ്യായം തുറക്കുമെന്ന് മോദി പറഞ്ഞിരുന്നു. മൗറീഷ്യസ് പ്രധാനമന്ത്രിയെ കൂടാതെ, പ്രസിഡന്റിനെയും ദ്വീപ് രാഷ്ട്രത്തിലെ വിശിഷ്ട വ്യക്തികളുമായും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. സന്ദര്‍ശന വേളയില്‍ മോദി ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സിവില്‍ സര്‍വീസ് കോളജും പ്രദേശത്തെ ആരോഗ്യ കേന്ദ്രവും ഉദ്ഘാടനം ചെയ്യും.
മൗറീഷ്യസ് നേതൃത്വവുമായുള്ള ആശയവിനിമയം ‘നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി എല്ലാ വശങ്ങളിലുമുള്ള പങ്കാളിത്തം ഉയര്‍ത്താനും നിലനില്‍ക്കുന്ന സൗഹൃദം ശക്തിപ്പെടുത്താനും’ കഴിയുമെന്ന് പ്രധാനമന്ത്രി പുറപ്പെടുന്നതിന് മുമ്പ് പ്രസ്താവനയില്‍ പറഞ്ഞു മൗറീഷ്യസില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ഇന്ത്യന്‍ നാവികസേനയുടെ ഒരു യുദ്ധക്കപ്പലും ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ് ഗംഗ സ്കൈഡൈവിങ് ടീമും സായുധ സേനയുടെ ഒരു സംഘവും പങ്കെടുക്കും.
2015 ലാണ് മോദി അവസാനമായി മൗറീഷ്യസ് സന്ദര്‍ശിച്ചത്. മുന്‍ ബ്രിട്ടീഷ്, ഫ്രഞ്ച് കോളനിയായ മൗറീഷ്യസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 12 ലക്ഷത്തോളം വരുന്ന ദ്വീപ് രാഷ്ട്രത്തിലെ ജനസംഖ്യയുടെ 70 ശതമാനവും ഇന്ത്യന്‍ വംശജരാണ്.