ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തും. ഖത്തറില്‍ തടവില്‍ കഴിഞ്ഞിരുന്ന 8 ഇന്ത്യന്‍ നാവികരെ വിട്ടയയ്ക്കാന് അമീര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ഈ മാസം 14നാണ് കൂടിക്കാഴ്ച.
പ്രധാനമന്ത്രി അമീറുമായി നേരിട്ടു നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാവികരെ വിട്ടയയ്ക്കാന് ഖത്തര്‍ തയാറായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തര്‍ അമീറുമായുള്ള കൂടികാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടികള്‍ കൂടുതല്‍ ശക്തമാക്കുയാണ് ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 14 ന് ഉച്ചയോടെ പ്രധാനമന്ത്രി ദോഹയിലേക്ക് പുറപ്പെടും. അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തും.ഖത്തറിലെ പ്രധാനമന്ത്രിയുടെ രണ്ടാം സന്ദര്‍ശനമാണിത്.
8 ഇന്ത്യന്‍ നാവികരെ വിട്ടയച്ചതാണോ പെട്ടെന്നുള്ള ഖത്തര്‍ സന്ദര്‍ശനത്തിനു കാരണമെന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്കാന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര തയാറായില്ല. അതേസമയം പ്രധാനമന്ത്രി നാവികരെ വിട്ടയയ്ക്കാന് ശക്തമായ ഇടപെടല്‍ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.