ന്യൂഡല്‍ഹി : ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയില്‍ മോദി ഇന്ന് പ്രസംഗിക്കും. കൂടാതെ, ലോക നേതാക്കളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
21 മണിക്കൂര്‍ ദുബായില്‍ തങ്ങുന്ന പ്രധാനമന്ത്രി ഏഴ് ഉഭയകക്ഷി യോഗങ്ങളില്‍ പങ്കെടുക്കും. നാലു പ്രസംഗങ്ങളും കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട രണ്ടു പരിപാടികളിലും സംബന്ധിക്കും.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ 28-ാം എഡിഷനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പെടെയുള്ള ലോകനേതാക്കൾ പങ്കെടുക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക സമ്മേളനമാണ് കോപ് 28. കാലാവസ്ഥ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള നടപടികൾ, കാലാവസ്ഥ ധനകാര്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇയിലെത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ ആറാമത്തെ യുഎഇ സന്ദർശനമാണിത്.