ന്യൂഡല്‍ഹി: രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രതിസന്ധികള്‍ക്ക് ഇടയിലും സമ്പദ് വ്യവസ്ഥ വളര്‍ന്നു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പുതിയ ഭാരതത്തിന്റെ ഉദയമാണ്. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ജോലി നല്‍കാനായി. കായികരംഗത്തും ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാനായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം വനിതാ സംവരണം യാഥാര്‍ത്ഥ്യമായി. ബില്‍ പാസ്സാക്കിയത് ചരിത്ര നേട്ടമാണ്. ക്രിമിനല്‍ നിയമങ്ങളും പരിഷ്കരിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ചന്ദ്രയാന്‍ വിജയം അഭിമാനകരമാണ്. ജി20 ഉച്ചകോടി വിജയകരമായി നടപ്പാക്കാനായി. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഇരുസഭകളേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാര്‍ലമെന്റില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ജമ്മുകശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്. ചെങ്കോല്‍ പിടിച്ച് നയിച്ചാണ് രാഷ്ട്രപതിയെ പാര്‍ലമെന്റിലേക്ക് ആനയിച്ചത്.