ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രവചനം പാളിയതോടെ ഇനി ഈ പണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ദൻ പ്രശാന്ത് കിഷോർ.അവസാന ഘട്ട വോട്ടെടുപ്പിന് പിന്നാലെ സി.എന്‍.എന്‍.ന്യൂസ്,എന്‍ഡി ടിവി, റിപ്പബ്ലിക് ടിവി, എബിപി സീ വോട്ടര്‍, ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എന്നിവയുടെ എക്സിറ്റ് പോളുകളാണ് പുറത്തുവന്നത്. വന്‍ഭൂരിപക്ഷത്തോടെ ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ചയുണ്ടാകും…എല്ലാവരും ഒരേ സ്വരത്തില്‍ പ്രവചിച്ചു. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ അടക്കമുള്ളവരും 2019ലെ ഫലം ആവര്‍ത്തിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ തന്റെ പ്രവചനങ്ങള്‍ പാടെ തെറ്റിയതോടെ ഇനി എക്സിറ്റ് പോള്‍ പ്രവചനത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തൻ്റെ പ്രവചനങ്ങൾ തെറ്റിപ്പോയതായി അദ്ദേഹം തുറന്നു സമ്മതിച്ചു. തൻ്റെ തോൽവി ഞാനതിൻ്റെ പരിപൂർണാർത്ഥത്തിൽ സമ്മതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. “അതെ, ഞാനും എന്നെപ്പോലുള്ള വോട്ടർമാരും തെറ്റിദ്ധരിച്ചു” ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ ആ അഭിമുഖത്തിൽ കിഷോർ പറഞ്ഞു. ബി.ജെ.പി 303 സീറ്റ് നേടുമെന്നും ചിലപ്പോള്‍ സീറ്റ് നില 320 വരെ ഉയര്ന്നേക്കുമെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രവചനം. 2019 ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 20 ശതമാനം കുറവ് സീറ്റുകളാണ് ഇക്കുറി ബിജെപി നേടിയത്. 240 ലോക്സഭാ സീറ്റുകൾ മാത്രം നേടാനേ ബിജെപിക്ക് കഴിഞ്ഞുള്ളു എന്നതിനാൽ പ്രശാന്തിന്റെ പ്രവചനങ്ങൾ എല്ലാം തെറ്റി.
രാജ്യത്തെ ഭാവി തെരഞ്ഞെടുപ്പുകളിൽ കണക്കുകൾ പ്രവചിക്കുന്നത് തുടരുമോ എന്ന ചോദ്യത്തിന്, “ഇല്ല, ഇനി തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണത്തിലേക്ക് കടക്കില്ലെന്നായിരുന്നു” കിഷോറിന്റെ മറുപടി. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതി അളക്കുന്നതിൽ പലപ്പോഴും മിടുക്ക് കാണിച്ചിരുന്ന കിഷോർ തൻ്റെ പ്രവചനങ്ങളും യാഥാർഥ്യവും വലിയതോതിൽ തന്നെയും തിരുത്തിക്കളഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞാൻ എൻ്റെ വിലയിരുത്തൽ നിങ്ങളുടെ മുൻപിൽവെച്ചിരുന്നു, സംഖ്യയുടെ കാര്യത്തിൽ ഞാൻ ചെയ്ത വിലയിരുത്തൽ 20 ശതമാനം തെറ്റാണെന്ന് ഞാൻ ക്യാമറയിൽ സമ്മതിക്കണം. ബിജെപി 300-ന് അടുത്തെവിടെയെങ്കിലും എത്തുമെന്നും സഖ്യത്തിന് 340 സീറ്റ് ലഭിക്കുമെന്നും ഞങ്ങൾ പറഞ്ഞു. ബി.ജെ.പിയോട് നേര്‍ത്ത അതൃപ്തിയുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു, എന്നാൽ നരേന്ദ്ര മോദിക്കെതിരെ വ്യാപകമായ അതൃപ്തി ഉണ്ടായിട്ടില്ല,” പ്രശാന്ത് കിഷോർ വിശദീകരിച്ചു. കൂടാതെ, സംഖ്യാപരമായ പ്രവചനങ്ങളിൽ ഏർപ്പെടുന്നത് ഒരു തെറ്റാണെന്ന് കിഷോർ സമ്മതിക്കുകയും ഭാവി തെരഞ്ഞെടുപ്പുകളിൽ അങ്ങനെ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.